മലപ്പുറം: വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി റിയാദില്‍ നിന്ന് കരിപ്പൂരെത്തിയ ഒരു പ്രവാസിക്ക് കൊവിഡ് ലക്ഷണം കണ്ടെത്തി. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു. എ.ഐ - 1906 എയര്‍ ഇന്ത്യ വിമാനം 152 യാത്രക്കാരുമായി ഇന്നലെ രാത്രി 7.56നാണ് കരിപ്പൂർ ഇറങ്ങിയത്. 14 ജില്ലകളില്‍ നിന്നായി 143 പേരും കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നാല് പേര്‍ വീതവും പശ്ചിമ ബംഗാളില്‍ നിന്ന് ഒരാളുമാണ് ഇന്നലെ മടങ്ങിയെത്തിയത്.
യാത്രക്കാരെ 20 പേരടങ്ങുന്ന ചെറു സംഘങ്ങളാക്കിയാണ് വിദഗ്‌ധ പരിശോധന നടത്തിത്. കൊവിഡ് ലക്ഷണമുള്ള പ്രവാസിയേയും ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മറ്റൊരാളേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിമാനത്തിൽ എത്തിയ 54 പേരെ കൊവിഡ് കെയര്‍ സെന്‍ററുകളിലും 93 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലും പ്രവേശിപ്പിച്ചു.
നേരത്തേ രണ്ട് തവണ എത്തിയ വിമാനങ്ങളിലേതിന് സമാനമായി ഇത്തവണയും മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് തിരിച്ചെത്തിയത്. അതേസമയം വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി മടങ്ങിയെത്തിയവരില്‍ ആരോഗ്യപ്രശ്നങ്ങളുള്ള യാത്രക്കാർ ഏറ്റവും കുറവ് ഇന്നലെയെത്തിയ റിയാദ് വിമാനത്തിലാണ്.