മലപ്പുറം: ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി മാതൃകരാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നിലമ്പൂര്‍ നഗരസഭയ്‌ക്ക് പച്ചത്തുരുത്ത് അനുമോദന പത്രം ലഭിച്ചു. ഹരിത കേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പദ്ധതിയുടെ സംസ്ഥാന തല പ്രഖ്യാപനം മുഖ്യന്ത്രി നടത്തിയതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയ നിലമ്പൂര്‍ നഗരസഭയ്‌ക്ക് അനുമോദന പത്രം ലഭിച്ചത്. ജില്ലയില്‍ നിലമ്പൂര്‍ നഗരസഭയ്‌ക്ക് പുറമെ അഞ്ച് നഗരസഭകളിലും 41 പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കിയത്.
തരിശ് സ്ഥലങ്ങളില്‍ തനത് വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉള്‍പ്പെടുത്തി ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിക്കലാണ് പച്ചതുരുത്ത് പദ്ധതിയുടെ ലക്ഷ്യം. ആഗോള താപനം, കാലാവസ്ഥ വ്യത്യയാനം, വരള്‍ച്ച, പ്രളയം, മണ്ണൊലിപ്പ് തുടങ്ങിയില്‍ നിന്നുള്ള അതിജീവനവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പച്ചതുരുത്ത് പ്രഖ്യാപനത്തിന്‍റെ ഭാഗമായി നഗരസഭ, വനം വകുപ്പ് ജീവനക്കാര്‍, ഹരിത കര്‍മ്മ സേന, ശുചിത്വ മിഷന്‍,തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കെഎന്‍ജി റോഡിലെ വടപുറം പാലം മുതല്‍ കോടതിപ്പടി വരെ റോഡിന്‍റെ ഇരുവശങ്ങളിലും ശുചീകരണം നടത്തി. നഗരസഭയില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം ശുചിത്വ മിഷന്‍ ബ്ലോക്ക് കോ ഓഡിനേറ്റര്‍ വി.എച് ഷാഫി പച്ചതുരുത്ത് അനുമോദന പത്രം നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മി ഗോപിനാഥിന് കൈമാറി.