മലപ്പുറം: ഭാഷകളേതുമാകട്ടെ ഞൊടിയിടയിൽ തലതിരിച്ചു പറയാൻ കഴിയുന്ന മിടുക്കിയുണ്ട് തിരൂരിൽ.. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്.. എന്തിനേറെ അറബി വാക്കുകളെ പോലും നിമിഷാർധം കൊണ്ട് തലതിരിക്കാനാകും ഈ പത്താം ക്ലാസുകാരിക്ക്.. എന്നാൽ ഈ പതിനഞ്ചുകാരി തോറ്റത് ഒരു പേരിനോട് മാത്രമാണ്.. 'നന്ദന'യെന്ന സ്വന്തം പേരിൻ മുൻപിൽ..
തിരൂർ ബിപി അങ്ങാടി സർക്കാർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ നന്ദന നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വാക്കുകളെ തലതിരിക്കാൻ തുടങ്ങിയത്. വാചകങ്ങളെ മറിച്ചു ചൊല്ലുന്ന നന്ദനയുടെ ശീലം അമ്മയുടെ സഹോദരിയാണ് ആദ്യം കണ്ടെത്തിയത്. വിവരമറിഞ്ഞ സ്‌കൂളിലെ പ്രധാനാധ്യാപകൻ അസംബ്ലിയിൽ നന്ദനയുടെ മറിച്ചു ചൊല്ലൽ അവതരിപ്പിക്കാൻ അവസരമൊരുക്കി. ഒൻപതാം വയസിൽ നന്ദനയ്ക്ക് ലഭിച്ച അസംബ്ലി അനുഭവം ഒരു തുടക്കമായി. പിന്നീട് നിരവധി പ്രാദേശിക ചാനലുകളും പ്രോഗ്രാമുകളുമെല്ലാം നന്ദനയെ തേടിയെത്തി.
കഥകൾ, കവിതകൾ, സിനിമ ഗാനങ്ങൾ തുടങ്ങി ഏതുഭാഷയിലും സുദീർഘമായ വാചകങ്ങളും നന്ദനയ്ക്ക് പുഷ്‌പം പോലെ തിരിച്ച് പറയാനാകും. തിരൂർ ബിപി അങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ ജയപ്രകാശിന്‍റെയും ലാബ് ടെക്‌നീഷ്യനായ സജിനയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.