മലപ്പുറം: യുഡിഎഫില്‍ നിന്നും കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ പുറത്താക്കിയ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് തയാറാണെന്ന് മുസ്‌ലിം ലീഗ്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് നിലപാട് വ്യക്തമാക്കിയത്.
കോട്ടയത്തായതിനാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അർഹത കോൺഗ്രസിനാണെന്ന് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ യുഡിഎഫ് തീരുമാനത്തെ ലീഗ് അംഗീകരിക്കുകയാണ്. എന്നാൽ ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും യുഡിഎഫ് യോഗങ്ങളിൽ നിന്നും മാറ്റി നിർത്തുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് വിഷയത്തിൽ അനുരഞ്ജന ചർച്ചയ്ക്ക് പല തവണയായി ലീഗ് ശ്രമിച്ചിരുന്നു.