മലപ്പുറം: യുഡിഫ് എംഎൽഎമാർക്കെതിരായ കേസുകളിലൂടെ സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് മുസ്‌ലിം ലീഗ്. സർക്കാർ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണ്. ഇത് നെറികെട്ട രാഷ്ട്രീയ നീക്കമാണെന്നും പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു. എംസി കമറുദ്ദീനും കെഎം ഷാജിക്കുമെതിരായ കേസുകൾ എടുത്തുകാട്ടിയാണ് ലീഗിന്‍റെ ആരോപണം. യുഡിഎഫ് നേതാക്കളുടെ പ്രതിപ്പട്ടിക തയ്യാറാക്കി പൊലീസിന് കൈമാറിയിരിക്കുകയാണ്. പൊലീസ് ഇതിനനുസൃതമായാണ് പ്രവർത്തിക്കുന്നത്.
തദ്ദേശ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പാണക്കാട് ചേർന്ന ഉന്നതാധികാര സമിതിയോഗത്തിലേക്ക് കെ.എം ഷാജിയെ വിളിച്ചു വരുത്തി നേതൃത്വം വിശദീകരണം തേടി. അനധികൃത സ്വത്ത് സമ്പാധന കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലായിരുന്നു നടപടി.
ഷാജിയുടെ വിശദീകരണം തൃപ്തികരമാണെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ ഷാജി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.യുഡിഫ് എംഎൽഎമാർക്കെതിരായ കേസുകൾ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണായുധമാക്കുന്ന സാഹചര്യത്തിലും എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം. കേസുകളിൽ കഴമ്പില്ലെന്നും പൊലീസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന പ്രതികാര നടപടിയാണിതെന്നും ഉയർത്തിക്കാട്ടി എംഎൽഎമാർക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ലീഗിന്‍റെ ശ്രമം.