മലപ്പുറം : 1921ലെ മലബാർ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഏത് ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
മാപ്പിള ലഹളയിൽ ഇരകളായവരോട് നീതി പുലർത്തണമെന്നാവശ്യപ്പെട്ട് ബിജെപി മലപ്പുറം ജില്ല കമ്മറ്റി കളക്‌ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ് വർഷം മുമ്പ് നടന്ന കലാപം മതരാഷ്ട്രം സ്ഥാപിക്കാനായിരുന്നുവെന്ന് അക്കാലത്തെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പ്രസ്‌താവനകൾ ചൂണ്ടിക്കാട്ടുന്നു.
Also read: സവര്‍ക്കര്‍ ഫാന്‍സിന്‍റെ ജല്‍പ്പനങ്ങള്‍ക്ക് ചെവികൊടുക്കാനില്ലെന്ന് സ്‌പീക്കര്‍ എംബി രാജേഷ്
നിർബന്ധിത മതം മാറ്റവും കൊള്ളയും കൊള്ളിവെപ്പും ബലാത്സംഗവും ക്ഷേത്രധ്വംസനവും വരെ നടന്നത് ആദിവാസികളും പട്ടികജാതിക്കാരും ഉൾപ്പെടുന്ന ഹിന്ദു സമൂഹത്തിന് നേരെയാണ്.
ബ്രിട്ടീഷുകാർക്കെതിരെയാണ് ലഹള നടത്തിയതെങ്കിൽ എന്തിനാണ് ഹിന്ദുക്കളെ കൊന്നൊടുക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കലാപത്തിന് ഇരയായവർക്ക് നീതി ലഭിക്കാതെ കലാപബാധിതർക്ക് സ്‌മാരകം പണിയുന്നത് ലോക ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്.
മാപ്പിള ലഹളയ്ക്ക് സ്‌മാരകം പണിയാൻ സർക്കാർ ഉദ്ദേശിക്കുന്നുവെങ്കിൽ അത് തുവ്വൂർ കിണറിൽ ലഹളക്കാർ കൊന്ന് തള്ളിയ രക്തസാക്ഷികൾക്ക് വേണ്ടിയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധീര ദേശാഭിമാനി ഭഗത് സിംഗിനെ വാരിയൻകുന്നനോടുപമിച്ച സ്‌പീക്കർ എം.ബി രാജേഷിൻ്റെ പ്രസ്‌താവന തനി ഡിവൈഎഫ്ഐക്കാരൻ്റെ തരം താണ രാഷ്ട്രീമായിപ്പോയി. ഇത് ഇരിക്കുന്ന കസേരയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.