മലപ്പുറം: വികസന കാര്യത്തിൽ മലപ്പുറം ജില്ലയ്ക്ക് സർക്കാർ കാര്യമായ പരിഗണന നൽകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. ജില്ലയുടെ ന്യായമായ വികസന പദ്ധതികൾ മുന്നോട്ടുവെച്ചവർക്കൊപ്പം സർക്കാരും മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ച് യാഥാർഥ്യമാക്കിയ എടപ്പാൾ ഫ്ലൈ ഓവറിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ദേശീയ പാത വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കലിന് ജില്ലയിൽ 3600 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ സഹകരിക്കുന്നവർക്കെല്ലാം മാന്യമായ നഷ്ടപരിഹാരം നൽകും. മറ്റ് സംസ്ഥാനങ്ങളിൽ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സർക്കാരാണ് ഫണ്ട് നൽകുന്നതെങ്കിൽ കേരളത്തിൽ സ്ഥലമേറ്റെടുക്കലിനായി 25 ശതമാനം ഫണ്ടും സംസ്ഥാന സർക്കാരാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. താനൂർ - തെയ്യാല റെയിൽവെ മേൽപ്പാലം പ്രവൃത്തി തുടങ്ങി. ചേളാരി - ചെട്ടിപ്പടി റെയിൽവെ മേൽപ്പാലം പ്രവൃത്തി ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
തീരുമാനിക്കുന്നത് നടപ്പാക്കാൻ ഇച്ഛാശക്തിയുടെ സർക്കാർ നടപടികൾ കാര്യക്ഷമമായി തുടരും. അഭിപ്രായങ്ങൾ സ്വീകരിച്ച് കൂട്ടായ്‌മയോടെ പ്രവർത്തിക്കും. നിരത്തുകളിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ശ്രമം തുടരുകയാണ്. ഇതിന്‍റെ ഭാഗമായാണ് എടപ്പാളിൽ ഫ്ലൈഓവർ യാഥാർഥ്യമാക്കിയത്. ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വാഹനപ്പെരുപ്പത്തിന് അനുസരിച്ചുള്ള റോഡ് ശ്യംഖല ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ബൈപ്പാസുകൾ ഈ സർക്കാരിന്‍റെ കാലയളവിൽ തന്നെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പരിമിതികളുണ്ടെങ്കിലും വ്യക്തമായ കാഴ്ച്ചപ്പാടോടെയും ആസൂത്രണത്തോടെയും നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മലയോര - തീരദേശ ഹൈവെയും ദേശീയ പാത വികസനവും യാഥാർഥ്യമായാൽ ഭൗതിക സാഹചര്യവികസന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും. ജലഗതാഗത പാത യാഥാർഥ്യമായാൽ റോഡിലെ വാഹനപ്പെരുപ്പം കുറയുമെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം ജീവനക്കാരും കരാറുകാരും നല്ല നിലയിൽ പ്രവർത്തിക്കുമ്പോൾ ചിലർ തെറ്റായ പ്രവണതകളിൽപ്പെടുന്ന സാഹചര്യമുണ്ട്. അത്തരക്കാരെ സർക്കാർ ശരിയായ പാതയിലേക്ക് കൊണ്ടുവരും. പൊതു മരാമത്ത് പ്രവൃത്തികളുടെ പരിപാലന കാലയളവ് ജനം അറിയണമെന്നും നവീന ആശയങ്ങളുമായി പുതിയ ചുവടുവെയ്പ്പുകളുമായി വകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.