മലപ്പുറം: മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആൾക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പെരിന്തൽണ്ണ നാരങ്ങാകുണ്ടിലെ റൊണാൾഡ് ഡാനിയൽ(64) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഇയാൾ ഇതിന് മുമ്പും സമാനമായ നിരവധി കേസുകളിൽ പ്രതിയായിരുന്നു.
മണ്ണെണ്ണ കൊവിഡിന് മരുന്നായി ഉപയോഗിക്കുന്നതായി ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്‌തു. ഇതേ തുടർന്ന് മലപ്പുറം എസ്‌പിയുടെ നിര്‍ദേശപ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. നേരത്തെ ഒരു പൈസക്ക് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതി കണ്ടുപിടിച്ചതായി ഇയാൾ പ്രചരിപ്പിച്ചിരുന്നു. പിന്നീട് കാൻസർ ചികിത്സക്ക് മരുന്ന് കണ്ടുപിടിച്ചതായും പറഞ്ഞ് പലരെയും ചികിത്സിച്ചിരുന്നു.