മലപ്പുറം : കാണാതായ അരീക്കോട് തണ്ടർബോൾട്ട് ക്യാമ്പിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥനെ കണ്ടെത്തി. വടകര സ്വദേശിയും എംഎസ്‌പി ബറ്റാലിയന്‍ അംഗവുമായ പി.കെ മുബഷിറിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. അരീക്കോട് പോലീസ് സ്റ്റേഷനിലെത്തിച്ച് മുബഷിറിന്‍റെ മൊഴി രേഖപ്പെടുത്തി.
വെള്ളിയാഴ്‌ച രാവിലെ ആറുമണിയോടെയാണ് എസ്ഒജി ക്യാമ്പിൽ നിന്നും മുബഷിറിനെ കാണാതായത്. തുടർന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്‍റെ നിർദേശപ്രകാരം അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിൽ എസ്ഒജി ക്യാമ്പിലെ മേല്‍ ഉദ്യോഗസ്ഥനിൽ നിന്ന് മുബഷിര്‍ വലിയ രീതിയിലുള്ള മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന കത്തും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് കാണാതായ ഉദ്യോഗസ്ഥൻ സ്വമേധയാ ഇന്ന് പുലർച്ചെ വടകരയിലെ വീട്ടിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്‌ച പുലർച്ചെ ഉദ്യോഗസ്ഥൻ ക്യാമ്പ് വിട്ട് കല്ലായിൽ നിന്ന് ട്രെയിൻ കയറി തമിഴ്‌നാട്ടിലെ ഈറോഡിലേക്ക് പോവുകയായിരുന്നു.
മുബഷിർ ഭാര്യയ്ക്ക് അയച്ച വാട്‌സ്‌ആപ്പ് സന്ദേശത്തെ തുടർന്ന് ഈറോഡിലുണ്ടെന്ന് അന്വേഷണ സംഘത്തിന് മനസിലായി. തുടർന്ന് വടകര റൂറൽ എസ്‌പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നും നാട്ടിലേക്ക് ഉടൻ തന്നെ എത്തണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥൻ ഇന്ന് പുലർച്ചെ വടകരയിൽ എത്തിയത്.