മലപ്പുറം: വീട്ടിൽ പ്രവർത്തിക്കുന്ന സമാന്തര ബാറിൽനിന്ന് ഏഴുലിറ്റർ മദ്യം പിടിച്ചെടുത്തു. ചോക്കാട് പരുത്തിപ്പെറ്റയിലെ ഏലച്ചോല ശിവദാസൻ എന്ന ഗോപിയെ (29) കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി.
തിങ്കളാഴ്ച വൈകുന്നേരം എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്. പത്തുവർഷത്തോളമായി ഇവിടെ മദ്യവിൽപന നടന്നിരുന്നതായി പൊലീസ് പറഞ്ഞു. 500 രൂപ വിലയുള്ള കുപ്പി ചില്ലറയായി രണ്ടായിരം രൂപ വരെ വിൽപ്പന നടത്തും. മഫ്ടിയിൽ എത്തിയ സംഘം ആവശ്യക്കാരെന്ന വ്യാജേനയാണ് തൊണ്ടി സഹിതം പ്രതിയെ പിടികൂടിയത്. ദിവസങ്ങളോളം ഇയാളെ നിരീക്ഷണം നടത്തിയതിന് ശേഷമാണ് വീട്ടിൽ റൈഡ് നടത്തിയത്. ചോക്കാടും പരിസരങ്ങളിലും മദ്യവും മയക്കുമരുന്നും വ്യാപകമായി വിൽപ്പന നടത്തുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. പ്രൊബേഷൻ എസ്.ഐ വിവേക്, എ.എസ്. ഐ ആബിദ്, സി.പി.ഒമാരായ ആഷിഫലി, പ്രിൻസ്, സുനില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു.