മലപ്പുറം: വാളംതോടിന് സമീപം പന്തീരായിരം വനത്തിൽ കാട്ടാന ചരിഞ്ഞത് ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലെ പരിക്കേറ്റെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ചരിഞ്ഞ കൊമ്പന് 15നും 20-നുമിടയിൽ പ്രായമുണ്ടെന്നാണ് നിഗമനം. ആനകൾ തമ്മിലുള്ള ആക്രമണത്തിൽ ചരിഞ്ഞ കൊമ്പന്‍റെ ഇടത് കൊമ്പ് ഒടിഞ്ഞ നിലയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആനകളുടെ അലർച്ച പന്തീരായിരം വനമേഖലയിൽ നിന്നും കേട്ടതായി നാട്ടുകാർ പറയുന്നു.
ചാലിയാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ വാളംതോടിനും പലക തോടിനും ഇടയിലുള്ള ആനമതിലിന് എതിർ ഭാഗത്ത് കുറുവൻ പുഴയിൽനിന്നും 50 മീറ്ററോളം ഉള്ളിലായാണ് ജഡം കിടന്നിരുന്നത്. ഇവിടെ ആന മതിൽ ഉള്ളതിനാൽ ആനകളുടെ അലർച്ച ആളുകൾ കാര്യമാക്കിയില്ല. ചെരിഞ്ഞ ആനയുടെ രണ്ടു കൊമ്പുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം ആനയുടെ ജഡം പെട്രോൾ ഒഴിച്ച് കത്തിച്ചു.