മലപ്പുറം: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസിയുടെ പേരിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്ത്. ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡി നിഷാദ് കിളിയിടുക്കിലിന്റെ പൂക്കോട്ടുംപാടം തോട്ടക്കരയിലുള്ള വീട്ടിൽ നിക്ഷേപകർ എത്തി ബഹളമുണ്ടാക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ സ്ത്രീകളടക്കമുള്ള പരാതിക്കാരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് ഇവരെ സ്‌റ്റേഷനിലേക്ക് മാറ്റി പരാതി എഴുതി വാങ്ങി.
മംഗലാപുരം, കോഴിക്കോട്,കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നെല്ലാമായി നാല്‍പതോളം പേരാണ് കഴിഞ്ഞ ദിവസം രാവിലെ നിഷാദിന്‍റെ വീടിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്താനെത്തിയത്. നിഷാദ് ഒളിവിലാണ്. മാതാവും സഹോദരങ്ങളും മാത്രമാണ് വീട്ടിലുള്ളത്. നിക്ഷേപകര്‍ സ്ഥിരമായി വീട്ടിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയാണ് സുരക്ഷ ആവശ്യപെട്ട് കുടുംബം കോടതിയെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വീടിന് പൊലീസ് കാവല്‍ നില്‍ക്കുന്നത്. അതേസമയം നിത്യരോഗിയായ മാതാവടക്കമുള്ളവര്‍ നിഷാദിന്‍റെ പ്രവൃത്തി മൂലം പ്രയാസത്തിലാണെന്നും ഈ തട്ടിപ്പില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നുമാണ് കുടുംബം പറയുന്നത്.
സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തതിന്‍റെ പശ്ചാത്തലത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പത്ത് ലക്ഷം മുതല്‍ നഷ്ടമായവരാണ് പരാതിക്കാരുടെ സംഘത്തിലുണ്ടായിരുന്നത്.