മലപ്പുറം : കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായി മലപ്പുറം നഗരസഭ. ജില്ല സഹകരണ ആശുപത്രിയുമായി ചേർന്ന് സംയുക്തമായി നിര്‍മിച്ച കൊവിഡ് കെയര്‍ സെന്‍റർ പ്രവർത്തനം ആരംഭിച്ചു. ആശുപത്രി കെട്ടിടം, വെള്ളം, വെളിച്ചം, ഭക്ഷണം, കട്ടിലുകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നഗരസഭയും, മെഡിക്കൽ സപ്പോർട്ട്, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ഓക്സിജൻ സപ്പോർട്ട് ഉൾപ്പെടെയുള്ള വൈദ്യസഹായം എന്നിവ സഹകരണാശുപത്രിയും ലഭ്യമാക്കുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആശുപത്രി നാടിന് സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കായുള്ള വാർഡ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളും, മെഡിസിൻ സെന്‍റർ പി.കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്തു.
also read: മലപ്പുറത്തെ കൊവിഡ് പ്രതിരോധം മികച്ചതെന്ന് വിലയിരുത്തല്‍
സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് പ്രതിരോധത്തിന് സെക്കൻഡറി ലൈൻ ട്രീറ്റ്മെന്‍റ് കാറ്റഗറിയിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും, സഹകരണ സ്ഥാപനവും സംയുക്തമായി നേതൃത്വം നൽകുന്നത്. നഗരസഭയ്ക്ക് കീഴിൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ വെന്‍റിലേറ്റർ സൗകര്യത്തോടുകൂടി ഒരു കോടി പത്ത് ലക്ഷം രൂപ ചിലവിൽ കൊവിഡ് ആശുപത്രിയാക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. അടുത്തയാഴ്ച രണ്ടാമത്തെ ആശുപത്രിയും തുറക്കുന്നതോടെ താലൂക്ക് ആശുപത്രിയും കൊവിഡ് ആശുപത്രിയായി മാറും. നഗരസഭയിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനം മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മാതൃകയാക്കണം എന്ന് ആരോഗ്യവിദഗ്ധർ ഉൾപ്പെടെയുള്ളവര്‍ നിര്‍ദേശിച്ചു.