കോട്ടയം: ഏറ്റുമാനൂർ കേന്ദ്രീകരിച്ച് വിദേശ ജോലിയും വിസയും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രധാന പ്രതിയെ മലപ്പുറം പോത്തുകൽ പൊലീസ് ബെംഗ്ലൂരുവിൽ നിന്നും പിടികൂടി. കേസിൽ ഒളിവിൽ ആയിരുന്ന എറണാകുളം കോലഞ്ചേരി ഐക്കര കടമറ്റം താഴത്തീൽ വീട്ടിൽ അജിത്ത് ജോർജ്ജാണ് പിടിയിലായത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എം ദേവസ്യ,പോത്തുകൽ എസ്എച്ച്ഒ കെ.ശംഭുനാഥ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ വീണത്. കോട്ടയം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിന് ഇരയായവർ നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല. ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന ഹാറ്റ് കോർപ്പറേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന ഇടപാടുകളിൽ അന്വേഷണം നടത്താനും പൊലീസ് തയ്യാറായില്ല. പീന്നിട് 2019ൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ ഹരിശങ്കർ ഐപിഎസിന് തട്ടിപ്പിന് ഇരയായവർ പരാതികൾ നൽകിയതിനെ തുടർന്നാണ് അന്വേഷണവും അറസ്റ്റും ഉണ്ടായത്.
ഇതിൽ സ്ഥാപന ഉടമകളായ ദമ്പതികൾ അറസ്റ്റിലായിരുന്നു. കേസ് അട്ടിമറിക്കാൻ ഏറ്റുമാനൂർ പൊലീസ് ശ്രമിച്ചതിലാണ് കേസിലെ പ്രധാന പ്രതി ഒളിവിൽ പോയത് എന്ന് ആരോപണം ഉയർന്നിരുന്നു. പത്തനംതിട്ട,കോയിപ്രം, തിരുവനന്തപുരം മണ്ണന്തല, പാല്ലോട്, ഏറ്റുമാനൂർ, കുറവിലങ്ങാട്, കരിങ്കുന്നം, തൊടുപുഴ,ഉപ്പുതറ, വെള്ളത്തൂവൽ,കല്ലൂർക്കാട്,കുത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്ക് എതിരെ സമഗ്രാന്വേഷണം നടത്തിയിരുന്നില്ല.
ജോലി തട്ടിപ്പിൽ മലപ്പുറം എസ്പിക്കും പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ കർശന നടപടികളാണ് പ്രധാന പ്രതിയുടെ അറസ്റ്റിൽ എത്തിയത്. അന്വേഷണ സംഘത്തിൽ സീനിയർ സിപിഒമാരായ സി.എ മുജീബ്, അബ്ദുൽ സലിം, സുരേഷ് ബാബു, സിപിഒമാരായ ലിജീഷ് കൃഷ്ണൻ,സക്കീർ, ശ്രീകാന്ത്,എൻ.കെ അനീഷ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സംഘത്തിന്‍റെ മുൻകാല ഇടപാടുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.