മലപ്പുറം: തകർന്ന വിമാനത്തിലെ കോക്‌പിറ്റില്‍ കയറുമ്പോൾ സഹപൈലറ്റിന് ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തകനായ ആസിഫ് കൊണ്ടോട്ടി. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. പൈലറ്റ് അപകടത്തില്‍ മരിച്ചിരുന്നു. സഹപൈലറ്റിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടിവി ഭാരതിനോട് അപകട സ്ഥലത്തെ സംഭവങ്ങൾ താലൂക്ക് ദുരന്ത നിവാരണ സേന ടീമിന്‍റെ ഭാഗമായ ആസിഫ് കൊണ്ടോട്ടി വിവരിച്ചു.
സുഹൃത്തുക്കളില്‍ നിന്നാണ് ആസിഫ് വിമാനാപകടത്തെക്കുറിച്ച് കേട്ടത്. പത്ത് മിനിട്ടിനുള്ളില്‍ സംഭവസ്ഥലത്തെത്തിയ ആസിഫ് ആരെയും നടുക്കുന്ന കാഴ്‌ചയാണ് കണ്ടത്. രണ്ടായി പിളര്‍ന്നുകിടക്കുന്ന വിമാനം. ഒപ്പം സ്‌ത്രീകളുടെയും കുട്ടികളുടെയും നിലവിളി. പകച്ചുനില്‍ക്കാതെ വിമാനത്തിന്‍റെ തകര്‍ന്ന് കോക്‌പിറ്റിനടുത്തേക്കാണ് ആസിഫ് ആദ്യം പോയത്. പൈലറ്റ് ക്യാപ്‌റ്റൻ ദീപക് വി. സാഠേ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. സഹപൈലറ്റ് ഗുരുതര പരിക്കുകളുണ്ടായിരുന്നെങ്കിലും ശരീരത്തില്‍ പള്‍സ് ഉണ്ടായിരുന്നതിനാല്‍ ഉടനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹത്തിനും ജീവൻ നഷ്‌ടമായി. മൂന്ന് കുഞ്ഞുങ്ങളടക്കം അഞ്ചോളം പേരുടെ ജീവൻ രക്ഷിക്കാന്‍ സാധിച്ചതില്‍ ദൈവത്തോടാണ് ആസിഫ് നന്ദി പറയുന്നത്.
സുഹൃത്തുക്കളായ ജാസിര്‍ ജവാദ്, ജാസിര്‍, സിദ്ദിഖ് തുടങ്ങിയവര്‍ ആസിഫിനൊപ്പമുണ്ടായിരുന്നു. ഇവരുടെ വാഹനത്തിലാണ് പരിക്കേറ്റവരെ ആദ്യം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒപ്പം കൊവിഡിനെയും മഴയെയും വകവയ്‌ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ നാട്ടുകാര്‍ക്കും ആസിഫ് നന്ദി പറയുന്നു. ദുരന്തനിവാരണ സേനാംഗങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച നാട്ടുകാര്‍ സ്വന്തം വാഹനങ്ങളിലും, എയര്‍പോര്‍ട്ട് ടാക്‌സികളിലുമായി നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡിനെ പേടിക്കാതെ മനുഷ്യത്വത്തിന് മാത്രം വില നല്‍കി നാട്ടുകാരും ദുരന്തനിവാരണ സേനാ അംഗങ്ങളും ഒന്നിച്ച് നടത്തിയ പ്രവര്‍ത്തനമാണ് ദുരന്തത്തിന്‍റെ വ്യാപ്‌തി കുറച്ചത്.