മലപ്പുറം : കരിപ്പൂർ സ്വർണക്കവര്‍ച്ച ആസൂത്രണ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൂഫിയാൻ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. കൊണ്ടോട്ടി ഡിവൈഎസ്‌പി ഓഫിസിൽ സൂഫിയാനെ ചോദ്യം ചെയ്‌തുവരികയാണ്.
രാമനാട്ടുകരയിൽ അപകടമുണ്ടായ സ്ഥലത്ത് സൂഫിയാൻ എത്തിയിരുന്നുവെന്നും കരിപ്പൂരിൽ എത്തിയ കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചത് ഇയാളാണെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. നിരവധി സ്വർണക്കടത്ത് കേസുകളിലെ പ്രതിയായ സുഫിയാനെതിരെ കോഫപോസയും ചുമത്തിയിട്ടുണ്ട്.
സൂഫിയാന്‍റെ പങ്ക്
സംഭവ ദിവസം കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രണ്ട് സംഘങ്ങളിൽ ഒരു വിഭാഗം സ്വർണം കൈപ്പറ്റാനും എതിർവിഭാഗം കവർച്ച നടത്താനും വേണ്ടി എത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
സ്വർണക്കടത്തിൽ സൂഫിയാനും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ ചോദ്യംചെയ്‌താൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
Read more: കരിപ്പൂർ സ്വർണക്കടത്ത്; ചുരുളഴിക്കാൻ കസ്റ്റംസ്
രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണവുമായി ബന്ധപ്പെട്ട് സൂഫിയാന്‍റെ സഹോദരന്‍ ഫിജാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചെർപ്പുളശ്ശേരി സംഘത്തെ കൊടുവള്ളി സംഘവുമായി കൂട്ടിയോജിപ്പിച്ചതിലെ മുഖ്യ കണ്ണിയാണ് ഇയാളെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍.
ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് രാമനാട്ടുകരയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയിലിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ അഞ്ച് പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കരിപ്പൂര്‍ വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കെത്തിയത്.