മലപ്പുറം: കെ മുഹമ്മദ് ബഷീറിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് വാണിയന്നൂർ ഷാദുലി നഗർ. രണ്ട് മക്കളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയാണ് ബഷീർ യാത്രയായത്. നാല് മാസം മുമ്പാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയായത്. എന്നാല്‍ ഭാര്യ ഫസീലക്കും പിഞ്ചു കുഞ്ഞുങ്ങളായ ജന്നയ്ക്കും അസ്‌മിക്കും ഒപ്പം പുതിയ വീട്ടിൽ ഏറെനാൾ താമസിക്കാൻ ബഷീറിനായില്ല. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ദുരന്തമായി ബഷീറിന് മുന്നിലേക്ക് പാഞ്ഞെത്തിയപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.
രാത്രിയോടെ ഷാദുലി നഗറിലെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം ഷാദുലി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി വടകര ചെറുവണ്ണൂരിലെ മലയിൽ മഖാമിലേക്ക് കൊണ്ടുപോകും. വടകര മുഹമ്മദ് ഹാജി തങ്ങൾ-തിത്താച്ചു ദമ്പതികളുടെ ആറ് മക്കളിൽ മൂന്നാമനാണ് ബഷീർ. തിരൂരിൽ നിന്നാണ് ബഷീർ മാധ്യമപ്രവർത്തനരംഗത്തേക്ക് ചുവടുവച്ചത്.