മലപ്പുറം: കണ്ണംകുണ്ട് ട്രൈബൽ വില്ലേജ് ഭവന നിർമാണം പുനരാരംഭിക്കാൻ കഴിയാതെ ജില്ലാ നിർമിതികേന്ദ്രം. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്മാൻ നിർമിതി കേന്ദ്രത്തിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നൽകി. 2018ലെ പ്രളയത്തിൽ സ്ഥലവും വീടും നഷ്ടപ്പെട്ട 34 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് വനം വകുപ്പ് റവന്യൂ വകുപ്പിന് വിട്ടുനൽകിയ 10 ഹെക്ടർ സ്ഥലമാണ് ആദ്യത്തെ ട്രൈബൽ വില്ലേജിനായി മാറ്റിവെച്ചത്.
തുടർന്ന് ഭവന നിർമാണ ചുമതല കലക്ടർ ചെയർമാനായ ജില്ലാ നിർമിതി കേന്ദ്രത്തിന് നൽകി. എന്നാല്‍ വീടുകളുടെ തറകൾ നിർമിച്ചതിൽ ക്രമക്കേട് കണ്ടെത്തിയതോടെ ആദിവാസികൾ പ്രവർത്തനം തടഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച നിർമാണ ചുമതല പുതിയ കരാറുകാരന് നൽകി നിർമാണം പുനരാരംഭിക്കുമെന്ന് ജില്ലാ നിർമിതി കേന്ദ്രവും ഡെപ്യൂട്ടി കലക്ടർ കെ.കെ അരുൺ കുമാറും പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്മാൻ പറയുന്നു.
ആദിവാസികളുടെ ഊരുകൂട്ടം അടിയന്തരമായി വിളിച്ച് ചേർക്കാൻ ജില്ലാ നിർമിതികേന്ദ്രം തയ്യാറാകണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന് പരാതി അയച്ചതായും പ്രസിഡന്‍റ് പറഞ്ഞു.