മലപ്പുറം : മലബാറിലെ മൈതാനങ്ങളിൽ വിസ്‌മയം തീർക്കുന്ന വിദേശ ഫുട്ബോൾ താരങ്ങളും കൊവിഡ് കാലത്ത് വീട്ടിൽ ഇരിപ്പാണ്. ലോക്ക് ഡൗണിനെ തുടർന്ന് ഈ വർഷത്തെ സെവൻസ് ഫുട്‌ബോള്‍ സീസൺ ഉപേക്ഷിച്ചതോടെ ഇവരുടെ വരുമാനമാർഗം ഇല്ലാതായി. എത്രയും വേഗം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.
സിയറ ലിയോൺ, ഐവറി കോസ്റ്റ്, ലൈബീരിയ, ഘാന എന്നീ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും മലപ്പുറത്തേക്ക് താരങ്ങൾ എത്തുന്നത്. ഡിസംബറിൽ തുടങ്ങി ജൂൺ വരെ നീളുന്ന സീസണിലാണ് ആഫ്രിക്കൻ താരങ്ങൾ സെവന്‍സിനായി ഇന്ത്യയിലെത്തുന്നത്. ഒരു ടൂർണമെന്‍റിന് 3000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.
താരങ്ങളുടെ താമസവും ഭക്ഷണവുമെല്ലാം ടീം സ്പോൺസർമാരും സെവൻസ് ഫുട്‌ബോൾ അസോസിയേഷനുമാണ് ഒരുക്കുന്നത്. എന്നാല്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ സർക്കാരിന് മാത്രമേ സൗകര്യം ഒരുക്കാന്‍ കഴിയൂ എന്ന് ടീം മാനേജർ പറയുന്നു. ഇരുന്നൂറോളം വിദേശ താരങ്ങളാണ് മലപ്പുറം ജില്ലയിൽ മാത്രം കുടുങ്ങിക്കിടക്കുന്നത്.