മലപ്പുറം : കിണറ്റിൽ വീണ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. കൈനോട് കുന്നത്തൊടി ഹൗസിൽ ഖദിയുമ്മകുട്ടിയുടെ മകൾ ഷഫരിയയെ (40) ആണ് മലപ്പുറം അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാർ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച്ച 12 മണിയോടു കൂടിയാണ് സംഭവം.
കയറിൽ പിടിച്ച് തൂങ്ങിക്കിടന്ന ഷഫരിയ അവശനിലയിലായതിനെ തുടർന്ന് പിടി വിട്ട് വെള്ളത്തിലേക്ക് വീഴാൻ തുടങ്ങിരുന്നു. ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ കെ.സുധീഷ് കിണറ്റിലേക്ക് ചാടിയിറങ്ങുകയും ഇവരെ മുങ്ങിപ്പോകാതെ താങ്ങിപ്പിടിച്ച് നിർത്തുകയും ചെയ്‌തു. തുടർന്ന് റെസ്ക്യൂ റോപ്പിന്‍റെയും, നെറ്റിന്‍റെയും സഹായത്താൽ യുവതിയെ കരക്കെത്തിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: കൂറ്റംമ്പാറയിൽ ഹാഷിഷും 183 കിലോ കഞ്ചാവുമായി നാല് പേർ പിടിയില്‍
സ്റ്റേഷൻ ഓഫീസർ എം അബ്ദുൾ ഗഫൂറിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ പ്രതീഷ് കെ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ കെഎം മുജീബ്, കെ നിഷാദ്, സി രജീഷ്, പി അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.