മലപ്പുറം: വേങ്ങര കുറ്റൂർ പാടത്തെ കൈതത്തോട് നവീകരണം സംസ്ഥാന വ്യാപകമായി മാധ്യമ ശ്രദ്ധ നേടിയതോടെ അധികൃതരുടെ നീണ്ട കാലത്തെ അവഗണനക്കെതിരെ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തി. പറപ്പൂർ പഞ്ചായത്തിലെ 3, 5, 7 വാർഡുകളിൽ ഉൾപ്പെടുന്ന ഇരിങ്ങല്ലൂർ കിഴക്കേ പാടത്തെ കർഷകരാണ് പ്രതിഷേധവുമായി എത്തിയത്. വർഷങ്ങളായി മണ്ണ് മൂടി കിടക്കുന്ന ചാലി പുഞ്ചപ്പാടം- കല്ലക്കയം തോടിന്‍റെ പുനരുജ്ജീവനത്തിനായി നടപടി സ്വീകരിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിക്കുകയാണെന്നാണ് ഇവരുടെ പരാതി. പ്രളയ അതിജീവന ഫണ്ടായി ഗ്രാമപഞ്ചായത്തിന് 50 ലക്ഷം അനുവദിച്ചപ്പോഴും കർഷകർ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ചാലിയിൽ നിന്ന് തുടങ്ങി പുഞ്ചപ്പാടം ,കല്ലക്കയം വഴി കടലുണ്ടി പുഴയിലേക്ക് ഒഴുകുന്ന തോടിന് രണ്ട് കിലോമീറ്ററിലധികം നീളമുണ്ട്. ഉയർന്ന പ്രദേശങ്ങളായ ഊരകം എട്ടാം കല്ല്, കണ്ണമംഗലം മിനി, വേങ്ങര അരീക്കുളം ഭാഗങ്ങളിൽ നിന്ന് ഒഴുകി എത്തുന്ന മഴവെള്ളം പുഴയിലേക്ക് ഒഴുക്കി വിടാൻ മുമ്പ് ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. വർഷങ്ങളായി നവീകരണമൊന്നും നടക്കാത്തതിനാൽ ഇതിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. ഇത് മൂലം മഴക്കാലത്ത് സമീപ പഞ്ചായത്തുകളിൽ നിന്നടക്കം ഒഴുകി എത്തുന്ന മഴവെള്ളം മാസങ്ങളോളം പാടത്ത് കെട്ടി നിൽക്കുന്ന അവസ്ഥയുണ്ട്. ഇത് മൂലം കർഷകർക്ക് മാസങ്ങൾക്ക് ശേഷമേ പാടത്ത് കൃഷിയിറക്കാനാകൂ. അടിഞ്ഞ് കൂടിയ മണ്ണ് മാന്തിയെടുക്കുകയും തോട്ടിൽ പലയിടത്തായുള്ള ചാലി കുളങ്ങൾക്ക് ആഴം കൂട്ടുകയും സംരക്ഷണ ഭിത്തി ഒരുകയും ചെയ്താൽ മഴവെള്ളത്തിന്‍റെ ഒഴുക്ക് സുഖമമാക്കി പാടത്ത് വെള്ളക്കെട്ട് ഒഴിവാക്കാനാവും. നിലവിൽ നെല്ല്, വാഴ, പച്ചക്കറികൾ, മരച്ചീനി, കൊടുവേലിയടക്കം വിവിധ വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.