മലപ്പുറം/കണ്ണൂര്‍: ചരിത്രത്തിൽ മറക്കാനാവാത്ത ഓർമകൾ നൽകിയാണ് ഈ ഈദുല്‍ ഫിത്വര്‍ കടന്നു പോകുന്നത്. കൊവിഡ് പശ്ചാതലത്തിൽ സർക്കാർ നിർദേശപ്രകാരം, പ്രാർഥനകളും, നിസ്ക്കാരങ്ങളും, പെരുന്നാൾ ആഘോഷവുമെല്ലാം വീടുകളിലായിരുന്നു. പുത്തൻ ഉടുപ്പുകൾ ധരിച്ച് പള്ളികളിലും, ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്ക്കാരം നടത്തിയിരുന്ന വിശ്വാസികൾ പൊതു സമൂഹത്തിന്‍റെ നന്മയ്‌ക്കായി പ്രാർഥനകളും നിസ്ക്കാരങ്ങളും വീടുകളിൽ ഒതുക്കി. വിശ്വാസി സമൂഹത്തിന്‍റെ ജീവിതിലെ ആദ്യാനുഭവമാണിത്.
ബന്ധുവീടുകളില്‍ പോകാൻ അനുമതി ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും മറ്റ് വീടുകളിലെ സന്ദർശനം ഒഴിവാക്കി. ആലിംഗനവും ആശ്ലേഷ ചടങ്ങുകൾ ഒന്നും തന്നെ ഇത്തവണത്തെ പെരുന്നാൾ ആഘോഷത്തിന് ഉണ്ടായിരുന്നില്ല. പരസ്പര സ്നേഹത്തിന്‍റെയും, സഹോദര്യത്തിന്‍റെയും മാറ്റ് കൂട്ടിയാണ് ഈ പെരുന്നാളും കടന്നു പോകുന്നത്.