മലപ്പുറം: പത്താംക്ലാസ് പരീക്ഷയിലെ എല്ലാ വിഷയങ്ങളും കമ്പ്യൂട്ടറില്‍ എഴുതുന്നു എന്ന് കേട്ടപ്പോൾ പലരും കണ്ണു ചുളിച്ചു. കാരണം കേരളത്തില്‍ ആദ്യമായി ഒരാൾ അങ്ങനെയൊരു പരീക്ഷണത്തിന് മുതിരുകയാണ്. അതും കാഴ്ച പരിമിതനായ വിദ്യാർഥി. ഇന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമ്പോൾ മങ്കട ഗവ. ഹൈസ്‌കൂളിലെ ഹാറൂണ്‍ കരീം പ്രതീക്ഷയിലായിരുന്നു. ഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഫലപ്രഖ്യാപന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക അഭിനന്ദനവും ഹാറൂണിന്.
പ്രത്യേക സോഫ്റ്റ്‌വെയറിലൂടെയാണ് എല്ലാ വിഷയങ്ങളുടേയും ഉത്തരം ഫാറൂണ്‍ കമ്പ്യൂട്ടറിലൂടെ രേഖപ്പെടുത്തിയത്. കാഴ്ച പരിമിതി മറികടന്ന് സ്‌കൂള്‍ തലം മുതല്‍ കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് ഹാറൂണ്‍ പഠനം തുടര്‍ന്നിരുന്നത്. പത്താം ക്ലാസിലും ഇത് തുടര്‍ന്നു. എന്നാല്‍ പരീക്ഷ എഴുതണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക അനുമതി വേണമായിരുന്നു. ഇതിനായി പിതാവിനെ കൂട്ടി തിരുവനന്തപുരത്തേക്ക് തിരിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച് അനുമതിയും വാങ്ങി. സ്‌ക്രീന്‍ റീഡര്‍ എന്ന സോഫ്റ്റ്‌വെയറാണ് ഉത്തരമെഴുതാന്‍ ഉപയോഗിച്ചത്. കണക്ക് പരീക്ഷയ്ക്ക് ഇന്‍റി എന്ന സോഫ്റ്റ്‌വെയറും പ്രയോജനപ്പെടുത്തി.
മേലാറ്റൂര്‍ ഒലിപ്പുഴ തൊടുകുഴി കുന്നുമ്മല്‍ അബ്ദുല്‍ കരീം സബീറ ദമ്പതികളുടെ മകനാണ് ഹാറൂണ്‍ കരീം. ഹന്ന കരീം, ഹനീന കരീം എന്നിവര്‍ സഹോദരികളാണ്. ഏഴാം ക്ലാസ് വരെ മങ്കട ബ്ലൈന്‍റ് സ്‌കൂളിലായിരുന്നു പഠനം. കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ നിര്‍മിക്കുന്നതിലും ഹാറൂണ്‍ മിടുക്കനാണ്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആകണമെന്നതാണ് പത്താം ഹാറൂണിന്‍റെ ലക്ഷ്യം. ഫലം പുറത്തു വന്നതോടെ വീട്ടിലേക്ക് അധ്യാപകരുടെയും സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അഭിനന്ദന പ്രവാഹമാണ്.