മലപ്പുറം: അബുദബിയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണം. മലപ്പുറം സ്വദേശികളായ മൂന്ന് പേര്‍ക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണം. മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്നാണ് ഇവരെ ആശുപത്രികളിലേക്ക് മാറ്റിയത്.
ഇവരെ കൂടാതെ നേരിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മലപ്പുറം സ്വദേശിയെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വൃക്ക രോഗത്തിന് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയേയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളേയും കോഴിക്കോട് സ്വദേശിയായ ഒരു വനിതയേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സുകളിലാണ് ഇവരെ കൊണ്ടുപോയത്.