മലപ്പുറം: ഓട്ടൻ തുള്ളലിലൂടെ കൊവിഡിനെതിരായ ഒരു വ്യത്യസ്ത പോരാട്ടത്തിലാണ് കോട്ടക്കൽ സ്വദേശിയായ ഡോക്ടർ സന്ധ്യ പ്രശാന്ത്. മാസ്ക് ധരിക്കേണ്ട വിധവും കൈകഴുകുന്നതിന്‍റെ പ്രാധാന്യവും നര്‍മരൂപത്തില്‍ ഒരുക്കിയിരിക്കുകയാണ് സന്ധ്യ. 'കൊവിഡ് എന്ന ഒരു രോഗം വന്നു, കോറോണയെന്ന വൈറസിനെ തുരത്താനായി നമുക്ക് ഒരുമിക്കാം' എന്ന് തുടങ്ങുന്ന കവിതയിലൂടെയാണ് ഓട്ടന്‍ തുള്ളൽ ആരംഭിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് സന്ധ്യ ബോധവല്‍കരണത്തിന് ശ്രമം തുടരുന്നത്.
ഭർത്താവിന്‍റെ അച്ഛൻ പി.ആർ പ്രഭാകരവാര്യരും സന്ധ്യ ചേർന്നാണ് വരികൾ രചിച്ചത്. ഗാനം ചിട്ടപ്പെടുത്താന്‍ സഹോദരി സിന്ധു ശ്രീകുമാർ വാര്യരും ചേര്‍ന്നു. കലാമണ്ഡലം പ്രഭാകരനാണ് സന്ധ്യയുടെ ഓട്ടന്‍ തുള്ളൽ ഗുരു. നൃത്തത്തോടൊപ്പം കഥകളി അഭ്യസിച്ചിട്ടുണ്ട്. ഭർത്താവായ ഡോക്ടർ പ്രശാന്തിന്‍റെ പൂർണ പിന്തുണയും സന്ധ്യക്കുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടറായ സന്ധ്യ ഇപ്പോൾ ബിരുദാന്തര പഠന വിദ്യാര്‍ഥിയാണ്.