മലപ്പുറം : ഭാരത് ജോഡോ യാത്രയുടെ മലപ്പുറം ജില്ലയിലെ ആദ്യദിന പര്യടനം പാണ്ടിക്കാട് സമാപിച്ചു. ടൗണിൽ നടന്ന സമാപന യോഗത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു. ബുധനാഴ്‌ച രാവിലെ പാണ്ടിക്കാട് പ്ലസന്‍റ് ഓഡിറ്റോറിയം പരിസരത്ത് നിന്ന് ജാഥ പുനഃരാരംഭിക്കും.
വൈകിട്ട് 5ന് പട്ടിക്കാട് ചുങ്കത്ത് നിന്ന് ആരംഭിച്ച യാത്ര 7.15 ഓടെയാണ് പാണ്ടിക്കാട് ടൗണിലെത്തിയത്. ഇതിനിടയിൽ മുസ്‌ലിം യൂത്ത് ലീഗ് ഉൾപ്പടെ ഘടകകക്ഷികൾ വിവിധയിടങ്ങളിൽ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു. പാണ്ടിക്കാടിനെ ത്രിവർണ സാഗരമാക്കി ജാഥയെത്തിയത് പ്രവർത്തകരെ ആവേശത്തിലാക്കി.
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തേണ്ട ചുമതല എംപി അബ്‌ദു സമദ് സമദാനി ഏറ്റെടുത്തതോടെ ആവേശം ഇരട്ടിയായി. സ്‌ത്രീകളെ രണ്ടാംതരം പൗരരാക്കിയുള്ള ബിജെപി നിലപാട് കൊണ്ട് എന്ത് പുരോഗതിയാണ് നരേന്ദ്ര മോദി ഉദ്ദേശിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കേന്ദ്ര സർക്കാരിനെയും ബിജെപിയേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട പെൺകുട്ടിയോടുള്ള ആദര സൂചകമായി മൗനമാചരിച്ചാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. കെ സുധാകരന് പുറമേ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, വിഎസ് ജോയ് എന്നിവര്‍ സമാപന യോഗത്തില്‍ പങ്കെടുത്തു.