മലപ്പുറം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും നീക്കിയതിലെ അസംതൃപ്തി തുറന്ന് പറഞ്ഞ് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദവികൾക്ക് വേണ്ടിയും അധികാരങ്ങൾക്കു വേണ്ടിയും കോൺഗ്രസ് ആശയങ്ങൾ പണയം വയ്ക്കാൻ തയാറല്ല. മലബാറിന്‍റെ മതേതര പൈതൃകത്തിൽ കോൺഗ്രസിന്‍റെ പങ്ക് വലുതാണ്. ഇത് പണയംവച്ചുള്ള ഒരു സന്ധിക്കും തയാറല്ല. കോൺഗ്രസിന്‍റെ ആദർശത്തിൽ മുറുകെ പിടിച്ച് മുന്നോട്ട് പോകുമ്പോൾ പരാജയങ്ങൾക്ക് പ്രധാന്യമില്ല. കോൺഗ്രസിന്‍റെ മതേതര സ്വഭാവത്തിലും ജനാധിപത്യ നിലപാടുകളിലും വെള്ളം ചേർക്കാനുള്ള ചിലരുടെ നീക്കം ആശങ്ക സൃഷ്ടിക്കുന്നു. ഇതിൽ ചിലർ വിജയിച്ച് കാണുന്നത് നിരാശപ്പെടുത്തുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ഡിസിസിയുടെ താൽക്കാലിക പ്രസിഡന്‍റായത് 20 ദിവസത്തേക്കാണെന്ന് അറിഞ്ഞിരുന്നില്ല. തനിക്ക് കെ.പി.സി.സിയുടെ ചില ഉന്നത നേതാക്കൾ നൽകിയ ഉറപ്പിന് ഘടകവിരുദ്ധമാണ് ഈ നിലപാട്. 20 ദിവസം ഡിസിസി പ്രസിഡന്‍റ് എന്ന നിലയിൽ പാർട്ടിയിലെയും, മുന്നണിയിലെയും പ്രശ്നങ്ങൾ തീർക്കാനും, ജില്ലയിൽ യു.ഡി.എഫിന് മികച്ച നേട്ടം ഒരുക്കാനും സാധിച്ചു, നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി.പ്രകാശ് വിജയിക്കും. കോൺഗ്രസിന്‍റെ മതേതരത്വ നിലപാട് സംരക്ഷിക്കുന്നതിനായിട്ടാണ് ഇതുവരെ പ്രവർത്തിച്ചത്, ചിലരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് കോൺഗ്രസിനെ ചിലർക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കത്തെയും ഷൗക്കത്ത് രൂക്ഷമായി വിമർശിച്ചു.
ആറ് ഡിസിസികൾക്കാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൽക്കാലിക പ്രസിഡന്‍റുമാരെ നിയമിച്ചത്. ഇതിൽ മലപ്പുറം ഒഴികെ അഞ്ച് ഡിസിസി കളുടെ ചുമതല നൽകിയത് കെ.പി.സി.സി. ഭാരവാഹികൾക്കും ഡി.സി.സിയുടെ സീനിയർ വൈസ് പ്രസിഡന്‍റുമാർക്കുമാണ്. എന്നാൽ കെ.പി.സി.സിയുടെയോ, ഡി.സി.സി യുടേയോ ഭാരവാഹിയല്ലാത്ത ആര്യാടൻ ഷൗക്കത്തിന് കാലവധി പറയാതെയായിരുന്നു ചുമതല നൽകിയത്.