മലപ്പുറം: പി.വി അന്‍വറിനെ വധിക്കാനുള്ള ഗൂഡാലോചയില്‍ പങ്കുണ്ടെന്ന പരാതിക്ക് മറുപടിയുമായി ആര്യാടൻ ഷൗക്കത്ത്. വധശ്രമ വധശ്രമത്തിന് ഗൂഡാലോചന നടത്തി പാരമ്പര്യമുള്ളത് പി.വി.അൻവറിനാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. കണ്ണൂരിലെ ആർഎസ്‌എസ് പ്രവര്‍ത്തകരെ ഉപയോഗിച്ച് തന്നെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയിൽ ആര്യാടൻ ഷൗക്കത്തിന് പങ്കുണ്ടെന്ന് പി.വി അൻവര്‍ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പി.വി അൻവര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസിൽ പൂക്കോട്ടുംപാടം പൊലീസ് ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി മറ്റുള്ളവരെ പിടിക്കാൻ മോഷ്ടാവ് നടത്തുന്ന ശ്രമം പോലെയാണ് അൻവറിന്‍റെ ആരോപണം തനിക്ക് തോന്നിയതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വധവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയും, കൊലപാതകത്തിൽ പ്രതിയായുമുള്ള പരിചയം പി.വി.അൻവറിനാണുള്ളത്. കഴിഞ്ഞ നാല് വർഷമായി ജനപ്രതിനിധി എന്ന നിലയിൽ പൂർണമായും പരാജയപ്പെട്ട പി.വി.അൻവർ എം.എൽ.എ, രക്തസാക്ഷി പരിവേഷം ലഭിക്കാൻ നടത്തുന്ന നീക്കമാണിത്. പരാതി നൽകിയും, തേജോവധം നടത്തിയും തളർത്താനാവില്ല, താൻ ആര്യാടൻ മുഹമ്മദിന്‍റെ മകനാണ്. അതിനാൽ ഇത്തരം ആരോപണങ്ങളെ, നിയമപരമായും രാഷ്ട്രീയമായും നേരിടും, പി.വി.അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ശ്രദ്ധിച്ചാൽ മാത്രം മതി ആരോപണങ്ങൾ കെട്ടിചമച്ചതാണെന്ന് മനസിലാക്കാനാകുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.