മലപ്പുറം : കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്തെ പത്ത് ആദിവാസി കുടുംബങ്ങൾ ഉൾവനത്തിലേക്ക് താമസം മാറ്റി. ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടം ആദിവാസി കോളനിയിലെ കുടുംബങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസമായി അളക്കൽ ഭാഗത്ത് കുറഞ്ഞിതോടിന് സമീപം കഴിയുന്നത്. അമ്പുമല കോളനിയിലെ 26 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ പന്തീരായിരം വനത്തിലെ കുറുവൻ പുഴയുടെ തീരത്തും, പ്ലാക്കൽ ചോല കോളനിയിലെ എട്ട് കുടുംബങ്ങൾ കാഞ്ഞിരപുഴയുടെ തീരത്തും, വെണ്ണേക്കോട് കോളനിയിലെ നാല് കുടുംബങ്ങൾ എട്ടാം ബ്ലോക്കിലെ പാറയുടെ ഗുഹയിലുമാണ് താമസിക്കുന്നത്.
പെരുവമ്പാടം കോളനിയില്‍ 80ലേറെ കുടുംബങ്ങളാണുള്ളത്, ഇതിൽ പലതും കൂട്ടുകുടുംബങ്ങളാണ്. ഈ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം താമസിക്കാൻ പ്രയാസമാണ്. രണ്ട് ഏക്കർ സ്ഥലത്താണ് 80 ഓളം കുടുംബങ്ങൾ, അംഗനവാടി, ബദൽ സ്കൂൾ, കാലി തൊഴുത്തുകൾ എന്നിവയും ഈ രണ്ടേക്കറില്‍ ഉള്‍പ്പെടുന്നു. അതിനാൽ കൊവിഡില്‍ നിന്നും രക്ഷപ്പെടാൻ ഏപ്രിൽ 14 വരെ വനത്തിൽ കഴിയാനാണ് ഇവരുടെ തീരുമാനം ഐ.റ്റി.ഡി.പി പ്രെമോട്ടർ മനോന്നരൻ, ആദിവാസി സംഘടനയുടെ വനിതാ നേതാവ് ബിന്ദു പെരുവമ്പാടം എന്നിവരും വനത്തിലുണ്ട്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യ പ്രവർത്തകർ കോളനികളിലേക്ക് എത്തുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു. ആദിവാസി കോളനികളിലും, ഉൾവനങ്ങളിലും കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.