മലപ്പുറം: സംസ്ഥാനത്തെ 108 ആംബുലൻസുകളിലെ ഡ്രൈവർമാർക്ക് രണ്ട് മാസത്തോളമായി ശമ്പളം ലഭിച്ചിട്ട്. ശമ്പള കുടിശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ സര്‍ക്കാരിന് പരാതി നല്‍കി. കരാർ എടുത്തിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ജി.വി.കെ ഇ.എം.ആർ.ഐക്ക് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയായത്. സർക്കാർ തലത്തിൽ അടിയന്തര നടപടി എടുത്ത് പണം നൽകാൻ നടപടി ഉണ്ടായില്ലെങ്കില്‍ ഒരു വർഷം പൂർത്തിയാകും മുമ്പ് 108 ആംബുലന്‍സ് സർവീസ് നിലക്കാൻ സാധ്യതയേറും. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, തൊഴിൽ മന്ത്രി എന്നിവർക്ക് ഡ്രൈവര്‍മാര്‍ പരാതി നൽകിയത്.
2019 സെപ്‌റ്റംബറിലാണ് 108 ആംബുലന്‍സുകള്‍ സർവീസ് ആരംഭിച്ചത്, നിലമ്പൂർ പെരിന്തൽമണ്ണ, തിരൂർ ജില്ലാ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളജിലും ഉൾപ്പെടെ 32 ആംബുലൻസുകളാണ് ജില്ലയിൽ ഓടുന്നത്. എന്നാൽ രണ്ട് മാസമായി ശമ്പളം മുടങ്ങിയതോടെ ചെറിയ പെരുന്നാളിനും മറ്റുള്ളവരിൽ നിന്നും കടം വാങ്ങേണ്ട അവസ്ഥയുണ്ടായെന്ന് ആംബുലന്‍സ് ഡ്രൈവർ പറഞ്ഞു. സംസ്ഥാനത്തെ 315 ആംബുലന്‍സിലേയും ഡ്രൈവർമാരുടെ സ്ഥിതി ഇതാണെന്നും അദ്ദേഹം പറഞ്ഞു.