കോഴിക്കോട്: കൂടരഞ്ഞിയിലെ ഉറുമി ഡാമിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായി. മുക്കം നഗരസഭയിലെ പൂളപ്പൊയില്‍ സ്വദേശിയായ ഹാനി റഹ്മാന്‍ (17) ആണ് കാണാതായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു സംഭവം.
രണ്ട് ബൈക്കുകളിലായി നാലംഗ സംഘമാണ് ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം കുളിക്കാനെത്തിയത്. ഇവർ കുളിച്ച് കൊണ്ടിരിക്കുമ്പോൾ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. നാല് പേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചങ്കിലും ഹാനി റഹ്മാന്‍റെ ചെരിപ്പ് പാറക്കൂട്ടത്തിൽ ഉടക്കിയതിനാൽ ഒഴുക്കിൽപെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും തിരുവമ്പാടി പൊലീസ്, മുക്കം ഫയർഫോഴ്സ് എന്നിവരും ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിൽ തിരിച്ചടിയായി. നിരവധി തവണ തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നു. നേരത്തെ നിരവധി പേർ ഇവിടെ മലവെള്ളപ്പാച്ചിലിൽ കുടുങ്ങുകയും പത്തോളം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.