കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ല കോടതിയുടേതാണ് ഉത്തരവ്. സിവിക് ചന്ദ്രൻ്റെ പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.
അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഏപ്രിൽ 17നാണ് പുസ്‌തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്.
ജൂലായ് 15നാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസ് എടുത്തത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ വടകര ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. ഇതിന് പിന്നാലെ സിവിക് ചന്ദ്രനെതിരെ മറ്റൊരു പീഡന കേസ് കൂടി രജിസ്റ്റർ ചെയ്‌തിരുന്നു.
2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കോഴിക്കോട്ടുകാരിയായ യുവ എഴുത്തുകാരിയുടെ പരാതി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. നന്തിയിൽ ഒരു പരിപാടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.