കോഴിക്കോട്: ഓണക്കാലത്ത് താരങ്ങളായി നടക്കുന്ന ആൺ മാവേലികൾക്ക് വെല്ലുവിളിയായി ഇവിടെ പെൺ മാവേലി രംഗത്തിറങ്ങിയിട്ടുണ്ട്. കുടവയറുള്ള പുരുഷന്മാർ മാത്രം കുത്തകയാക്കിയ മാവേലി വേഷമാണ് നടുവണ്ണൂർ കോട്ടൂർ നല്ലാശ്ശേരി സുനിത മനോഹരമാക്കിയത്. കുടുംബശ്രീ ഹോം ഷോപ്പ് കോട്ടൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച 'അത്തപ്പൂമഴ' പരിപാടിയിലാണ് സുനിത മാവേലി പ്രജകളുടെ ക്ഷേമം അന്വേഷിച്ചതും അനുഗ്രഹം ചൊരിഞ്ഞതും.
വേഷഭൂഷാദികളും കൊമ്പന്‍ മീശയും കിരീടവും ഓലക്കുടയുമെല്ലാമായി സുനിത രംഗത്തിറങ്ങിയപ്പോൾ ആദ്യം ആർക്കും പിടികിട്ടിയില്ല. കാൽവിരലിലെ ക്യൂട്ടക്‌സ് കണ്ടതോടെയാണ് ആളുകൾ തിരിച്ചറിഞ്ഞത്. തങ്ങളുടെ മുന്നിലുള്ള മാവേലി വനിതയാണെന്ന് അറിഞ്ഞതോടെ കാഴ്‌ചക്കാര്‍ക്കും അത് കൗതുകമായി. പിന്നാലെ കുശലാന്വേഷണവും സെൽഫിയെടുക്കലുമായി.
ചെറുപ്പം മുതല്‍ നൃത്ത, നാടക രംഗങ്ങളില്‍ സജീവമായിരുന്നു സുനിത. കുടുംബശ്രീ ഹോം ഷോപ്പിന്‍റെ കന്നൂർ ഓഫിസ് ജീവനക്കാരിയും കലാരംഗത്തെ പ്രശസ്‌തനായ നെല്ല്യാശ്ശേരി ബാലകൃഷ്‌ണന്‍റെ മകളുമാണ്. കുടുംബശ്രീ ഹോം ഷോപ്പിന്‍റെ കന്നൂര്‍ ഓഫിസിലെ ജീവനക്കാരിയാണ്. ഭർത്താവ് അനിൽ വിമുക്തഭടനാണ്, നിലവിൽ സ്റ്റേറ്റ് ഫാം കോർപറേഷനിൽ കൊല്ലത്ത് ജോലി ചെയ്യുന്നു.
ശ്രീഹരി, ശ്രീരശ്‌മി എന്നിവർ മക്കളാണ്. മാവേലി ഹിറ്റായതോടെ ഇനിയും ഓഫറുകൾ സ്വീകരിക്കുമെന്നാണ് സുനിത പറയുന്നത്. ആൺ മാവേലികൾക്കൊപ്പം പെൺകരുത്തും ഉണ്ടാവണം എന്നതാണ് സുനിതയുടെ പക്ഷം.