കോഴിക്കോട്: ഈസ്റ്റ് ഹിൽ പരിസരത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. ജല അതോറിറ്റിയെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. തൊട്ടടുത്തുള്ള സ്ഥാപനം കേടുപാടുകൾ നന്നാക്കണമെന്നാണ് അധികൃതർ പറയുന്നത്.
ഈസ്റ്റ് ഹിൽ ജംഗ്ഷനിലും സമീപപ്രദേശങ്ങളിലുമാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. മൂന്നുമാസം മുമ്പാണ് മലക്കൽ റോഡിൽ പൈപ്പ് പൊട്ടുന്നത്. ആശുപത്രി മതിലിനോട് ചേർന്നുള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് കണ്ട നാട്ടുകാർ ജല അതോറിറ്റിയെ വിവരമറിയിച്ചു. എങ്കിലും നടപടികളൊന്നും തന്നെ അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഇതിനുപുറമെ പ്രീമെട്രിക് ഹോസ്റ്റലിനടുത്ത് കേന്ദ്ര വിദ്യാലയത്തിന്‍റെ മുന്നിലും പൈപ്പ് പൊട്ടി വെള്ളം തൊട്ടടുത്ത ഓവു ചാലിലേക്ക് ഒഴുകുന്നുണ്ട്.