കോഴിക്കോട്: നാദാപുരം വാണിമേല്‍ പരപ്പുപാറയില്‍ നാല് മോട്ടോര്‍ ബൈക്കുകള്‍ തീ വെച്ച് നശിപ്പിച്ച സംഭവത്തിലെ പ്രതി നാല് മാസത്തിന് ശേഷം അറസ്റ്റില്‍. നരിപ്പറ്റ സ്വദേശി കാഞ്ഞിരമുള്ളതില്‍ മുഹമ്മദലി (25)യാണ് പിടിയിലായത്. ബൈക്കുകള്‍ തീവച്ച് നശിപ്പിച്ച ശേഷം ഇയാള്‍ ഖത്തറിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ പ്രതിയെ ബംഗലുരു കെമ്പഗൗഡ വിമാനത്തവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് വളയം പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 19ന് പുലര്‍ച്ചെ 1.10നാണ് പരപ്പുപാറ കോരമ്മന്‍ ചുരത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നാല് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചത്. സംഭവം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പോലീസ് അന്വേഷണം നടത്തുന്നതിനിടെ മുഹമ്മദലി വിദേശത്തേക്ക് കടക്കുകയായിരുന്നു. മുഹമ്മദലി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് തീ വെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
വിദേശത്തേക്ക് കടന്ന പ്രതികള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകനുമായി വിദേശത്ത് നടന്ന സാമ്പത്തികമായ തര്‍ക്കമാണ് തീ വെപ്പിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കേസിലെ മറ്റ് രണ്ട് പ്രതികള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. ഇവര്‍ക്കെതിരെയും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.