കോഴിക്കോട്: ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഉറ്റവരാലും ഉടയവരാലും തഴയപ്പെട്ട ട്രാന്‍സ് വുമണ്‍ വിഭാഗത്തിന് തണലാവുകയാണ് പുനര്‍ജനി സ്നേഹക്കൂട്. കോവൂർ ഇരിങ്ങാടൻ പള്ളിയോട് ചേര്‍ന്നാണ് ട്രാൻസ് വുമണ്‍ കെയർ ഹോം പ്രവർത്തിക്കുന്നത്. 25 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെയാണ് സ്നേഹക്കൂട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സമൂഹത്തില്‍ നിന്നും അവഗണന അനുഭവിക്കുന്നവര്‍ക്ക് ഏത് സമയത്തും ഇവിടെ കയറിചെല്ലാം. മൂന്നുമാസം വരെ സൗജന്യ താമസസൗകര്യം ലഭിക്കും. ആരോഗ്യ-നിയമ-പുനർ പഠന സൗകര്യങ്ങളും, കൗൺസിലിങ്, സംരംഭകത്വ പരിശീലനം, സ്വയം തൊഴിൽ പരിശീലനമടക്കമുള്ളവയും ഇവിടെ നിന്ന് നല്‍കും. കൂടാതെ പുനർജനി ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ആരംഭിച്ച കുടുംബശ്രീ സംരംഭമായ 'സ്നേഹ തീര'ത്തിലൂടെ തൊഴിലും കണ്ടെത്തി നല്‍കും.
കോഴിക്കോട് പുനര്‍ജ്ജനി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഹോം പ്രവർത്തിക്കുന്നത്. മർത്തോമ പള്ളി വികാരി ഷൈജുവിന്‍റെ പിന്തുണയോടെ ഏറെ പ്രയത്നിച്ചാണ് പുനര്‍ജനി 'സ്നേഹക്കൂട്' പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇത്തരമൊരു കെയർഹോമിന് സർക്കാർ അനുമതി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഫാദർ ഷൈജു സി ജോയി പറഞ്ഞു. സ്ഥാപനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം വരും ദിവസം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.