കോഴിക്കോട്: മായം കലർന്ന വെളിച്ചെണ്ണ വില്‍പ്പന നടത്തിയതിന് നിരോധിച്ച ബ്രാന്‍ഡുകള്‍ പേര് മാറ്റി വീണ്ടും വിപണിയില്‍ എത്തുന്നു. ഒരേ കമ്പനിയുടെ കീഴിലുള്ള ബ്രാന്ഡുകളാണ് നിരോധിച്ച ശേഷം പുതിയ പേരുകളിൽ വിപണിയിലെത്തുന്നത്. ഒരു കമ്പനിക്ക് നാല് പേര് വരെ ഉപയോഗിക്കാമെന്ന നിയമമാണ് ഇവർ ദുരുപയോഗം ചെയ്യുന്നത്. ഇത്തരം കമ്പനികൾക്കെതിരെ കർശന നടപടിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ട് ബ്രാൻഡുകൾ നിരോധിച്ചു. തമിഴ് നാട്ടിൽ നിന്ന് വരുന്ന ബാലകുമരൻ ഓയിൽസിന്റെ കീഴിലെ സൂര്യ, ആയില്യം എന്നീ ബ്രാന്ഡുകളാണ് നിരോധിച്ചതെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ പി കെ ഏല്യാമ്മ അറിയിച്ചു.
മായം കലർന്ന വെളിച്ചെണ്ണ വിപണിയിലെത്തുന്നത് ഇല്ലാതാക്കാൻ ഉപഭോക്താക്കൾ കൂടി സഹകരിക്കണം. വെളിച്ചെണ്ണയുടെ വിപണി വിലയേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നത് ഒരിക്കലും നല്ല വെളിച്ചെണ്ണയാകില്ലെന്നും ഏല്യാമ്മ പറഞ്ഞു.