കോഴിക്കോട് : കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകളും ഓരോ അടി വീതം ഉയർത്തും. നേരത്തെ 15 സെന്‍റിമീറ്ററില്‍ ജലനിരിപ്പ് നിലനിർത്തിയിരുന്നു. ഇതോടെ ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന അധിക ജലത്തിന്‍റെ അളവ് സെക്കൻഡിൽ 25 ഘന മീറ്റർ എന്നത് 50 ഘന മീറ്റർ എന്ന നിലയിലേക്ക് ഉയരും.
കുറ്റ്യാടി മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ജൂലൈ 19 വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
Read more: സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശവും നിലനില്‍ക്കുന്നു.
വടക്കുകിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനുസമീപം രൂപപ്പെട്ട ന്യൂനമര്‍ദം സൗരാഷ്ട്ര, കച്ച് തീരത്തിനരികെ അതേരീതിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മഴ കൂടുതല്‍ ശക്തിപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥ വിദഗ്‌ധരുടെ അറിയിപ്പ്.