കോഴിക്കോട് : ദുബായിൽ ആത്മഹത്യ ചെയ്‌ത മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം ശനിയാഴ്‌ച (07.05.2022) പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തുക. മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്നത്.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്‌പിയാണ് അപേക്ഷ നല്‍കിയത്. പാവണ്ടൂർ ജുമാമസ്‌ജിദ് ഖബർസ്ഥാനിലാണ് മൃതദേഹം ഖബറടക്കിയിരിക്കുന്നത്.
Also read: മലയാളി വ്ളോഗര്‍ റിഫയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിഫയുടെ ഭർത്താവ് മെഹ്നാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്‌തിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ ഉമ്മയുടെ പരാതിയിൽ റിഫയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.
ആത്മഹത്യാ പ്രേരണയ്ക്കും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്. മാർച്ച് ഒന്നിന് ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.