കോഴിക്കോട്: രണ്ടുമാസം മുൻപ് കനത്ത കാറ്റിലും മഴയിലും മരം വീണ് തകർന്നതാണ് കോഴിക്കോട് കുണ്ടുപറമ്പിലെ ശിവാനന്ദന്‍റെ വീട്. അന്ന് വീട്ടിൽ ആരുമില്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അപകടമുണ്ടായില്ലെങ്കിലും ഷീറ്റിട്ട വീട് തകർന്നതോടെ ഭാര്യ ശ്യാമളക്കൊപ്പം സമീപത്തുള്ള അങ്കണവാടിയിലേക്ക് താമസം മാറ്റേണ്ടി വന്നു.
ഇവരുടെ ദുരിതം അറിഞ്ഞതോടെ വാർഡ് കൗൺസിലർ ടി.എസ് ഷിംജിത്തും റസിഡൻസ് അസോസിയേഷനും കലാ-സാംസ്കാരിക രാഷ്ട്രീയ സംഘടനാ പ്രവർത്തകരും ചേർന്ന് പുതിയ വീട് നിർമിച്ച് നൽകുകയായിരുന്നു. സുമനസുകള്‍ ഒന്നിച്ചതോടെ ഒരു ലക്ഷത്തി അറുപതിനായിരം രൂപ ചെലവില്‍ ഒരു മുറിയും അടുക്കളയും ചേര്‍ന്ന വീടൊരുങ്ങി. കൂലിപ്പണിക്കാരനായ ശിവാനന്ദൻ 33 വർഷമായി പട്ടയ ഭൂമിയിലാണ് താമസിക്കുന്നത്.