കോഴിക്കോട്: ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായി സംസ്ഥാനത്തെ വാഹന പുക പരിശോധന കേന്ദ്രങ്ങള്‍. ദിവസങ്ങളോളം പ്രവൃത്തിപ്പിക്കാതെ വച്ചാല്‍ കേടാവാന്‍ സാധ്യതയുള്ള യന്ത്രങ്ങളാണ് പുകപരിശോധനക്കായി ഉപയോഗിക്കുന്നത്. ഒരു മാസമായി അടഞ്ഞുകിടക്കുന്ന ഈ കേന്ദ്രങ്ങള്‍ ഇനി തുറക്കുമ്പോള്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് നടത്തിപ്പുകാര്‍. പെട്രോള്‍, ഡീസല്‍ വാഹനങ്ങളിലെ പുക പരിശോധിക്കാന്‍ വെവ്വേറെ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
also read: ഫാബ്രിക്കേഷൻ ജോലികള്‍ നിലച്ചു; തൊഴിലാളികള്‍ പ്രതിസന്ധിയില്‍
രണ്ട് യന്ത്രങ്ങൾക്ക് കൂടി മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപയാണ് വില വരുന്നത്. കൂടുതല്‍ കാലം പ്രവൃത്തിക്കാതെവെച്ചാല്‍ യന്ത്രങ്ങള്‍ തകരാറിലാവും. പെട്രോള്‍ വാഹനങ്ങള്‍ പരിശോധിക്കുന്ന യന്ത്രത്തിന്‍റെ ഓക്സിജന്‍ സെന്‍സര്‍ ആണ് പെട്ടെന്ന് തകരാറിലാകുക. യന്ത്രങ്ങള്‍ കേടായാല്‍ ചുരുങ്ങിയത് 25,000 രൂപയാണ് ചെലവ്. ഒരു മാസം അടച്ചിട്ടതിന്‍റെ നഷ്ടത്തിന് പുറമെയാണ് ഈ ചെലവ് വരിക.
1500 ഓളം പുക പരിശോധനകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഈ വർഷം ഒന്നു മുതലാണ് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. പരിശോധന കേന്ദ്രങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ നിരവധി വാഹനങ്ങള്‍ക്ക് യഥാസമയം പുകപരിശോധന നടത്താനായിട്ടില്ല. അന്തർ സംസ്ഥാന യാത്ര വാഹനങ്ങൾക്ക് അതിർത്തി കടക്കണമെങ്കിലും പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അത്യാവശ്യ യാത്രകൾ മുടുങ്ങുന്നതോടൊപ്പം പരിസ്ഥിതി മലിനീകരണവും വർധിക്കുന്ന ഈ സാഹചര്യത്തിൽ ഇളവനുവദിച്ച് പുകപരിശോധന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് നടത്തിപ്പുകാരുടെ ആവശ്യം.