കോഴിക്കോട്: കാലവര്‍ഷം കനത്തപ്പോള്‍ ക്യാമ്പുകളില്‍ പോകാതെ വീടുകളില്‍ തന്നെ താമസിച്ചവര്‍ക്ക് അവശ്യസാധനങ്ങള്‍ നേരിട്ടെത്തിച്ച് രാഷ്ട്രീയ സംഘടനകള്‍. ജാഫര്‍ഖാന്‍ കോളനിയിലെ തുരുത്തിയാട് പ്രദേശത്ത് ഒറ്റപ്പെട്ടുപോയവര്‍ക്കാണ് എരഞ്ഞിപ്പാലം കോൺഗ്രസ് കമ്മിറ്റിയുടെയും തുരുത്തിയാട് യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.
അഞ്ച് കിലോ അരി, പഞ്ചസാര, പയര്‍ തുടങ്ങി 17 അവശ്യസാധനങ്ങളാണ് ഒരു കിറ്റില്‍ ഉള്ളത്. നിലവില്‍ നൂറ്റിമുപ്പതോളം വീടുകളില്‍ കിറ്റ് വിതരണം ചെയ്തു. വെള്ളം കയറിയ വീടുകളും ഇവരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മഴ ശക്തമായതോടെ പൂര്‍ണമായും മുങ്ങിയ പ്രദേശമാണ് കോഴിക്കോട് ജാഫര്‍ കോളനി. ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശവാസികള്‍ ക്യാമ്പുകളിലേക്ക് മാറിയിരുന്നു. മറ്റ് ചിലര്‍ ഇരുനില വീടുകളുടെ മുകള്‍ ഭാഗത്തേക്ക് മാറി താമസിച്ചു.