കോഴിക്കോട് : ദമ്പതികളെ മുറിക്കുള്ളിൽ ബന്ദിയാക്കി മുളക് പൊടിവിതറി വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷണം നടന്ന വീടിന് സമീപത്ത് വലിയങ്ങാടിയിലെ ഓയിൽ മില്ലിൽ മോഷണവും തൊട്ടടുത്തുള്ള അരിക്കടയിൽ അതിനുള്ള ശ്രമവും നടന്നിരുന്നു. മൂന്നിടത്തെയും കവർച്ചക്ക് പിന്നിൽ ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഓട് പൊളിച്ച് സി.വി.ആർ ഓയിൽ ഇൻഡസ്ട്രീസിൽ കടന്ന മോഷ്ടാവ് മേശയിൽ നിന്ന് 700 രൂപയും ഇരുപതോളം വെളിച്ചെണ്ണ ബോട്ടിലുമാണ് കവർന്നത്. മൂഴിക്കൽ സ്വദേശി സി.വി. റാഫിയുടേതാണ് ഈ സ്ഥാപനം. ഇവിടുത്തെ സി.സി.ടി.വി ക്യാമറയടക്കം മോഷ്ടാവ് തകർത്തിരുന്നു.
ഇരുസ്ഥാപനങ്ങളെയും വേർതിരിക്കുന്ന ഗ്രില്ല് തകർത്താണ് ഇ.കെ. മൊയ്തീൻ കോയ ആന്‍റ് സൺസ് എന്ന അരിക്കടയിൽ ഇയാൾ കയറിയത്. എന്നാൽ ഇവിടെനിന്ന് ഒന്നും മോഷ്‌ടിച്ചിട്ടില്ല. ഇയാള്‍ തകർത്ത സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ പ്രതിയുടെ വ്യക്തതയില്ലാത്ത ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
കവർച്ച നടന്ന വീട്ടിലെ സ്ത്രീയെ ദൃശ്യം കാണിച്ചിരുന്നു. സമാന വസ്ത്രം ധരിച്ചയാളാണ് എത്തിയതെന്നും മൽപ്പിടിത്തമുണ്ടായെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല കവർച്ച നടന്ന വീടിനുള്ളിലേക്ക് മോഷ്ടാവ് ആദ്യം കയറാൻ ശ്രമിച്ചതും ഓയിൽ മില്ലിൽ പ്രവേശിച്ചതുപോലെ ഓട്പൊളിച്ചു കൊണ്ടായിരുന്നു.
ALSO READ : കോഴിക്കോട് വൻ കഞ്ചാവ് വേട്ട ; 150 കിലോയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ
മച്ചുള്ളതിനാൽ ഈ ശ്രമം പാളിയതോടെയാണ് വീടിന്‍റെ ജനലഴി മുറിച്ചത്. മോഷ്ടാവ് വീട്ടിൽ വിതറിയ മുളക്പൊടി ഓയിൽ മില്ലിൽ നിന്നെടുത്തതാണ് എന്നതിനുള്ള സൂചനകളും പൊലീസിന് ലഭിച്ചു. ഇതോടെയാണ് രണ്ടിടത്തെയും കവർച്ചയ്ക്ക് പിന്നിൽ ഒരാളാണെന്ന സംശയം ബലപ്പെട്ടത്. എന്നാൽ ദൃശ്യത്തിൽ മുഖം വ്യക്തമല്ലാത്തതിനാൽ പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.