കോഴിക്കോട്: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും മുസ്‌ലിം ലീഗിൽ നടന്നിട്ടില്ലെന്നും അതിനുള്ള സാഹചര്യം നിലവിൽ വന്നിട്ടില്ലെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. ഇതിനായി ആർക്കും അപേക്ഷ നൽകിയിട്ടുമില്ല. ജലീലിന്‍റെ അഭിപ്രായ പ്രകടനങ്ങൾ സിപിഎമ്മിന്‍റേതായി കാണാനാവില്ലെന്നും പി.എം.എ സലാം പറഞ്ഞു.
ഒരു വിവാഹ വീട്ടിൽ വച്ച് കുഞ്ഞാലിക്കുട്ടിയെ ജലീൽ കണ്ടിട്ടുണ്ട്. നേതാക്കൾ തമ്മിൽ കണ്ടാൽ രാഷ്ട്രീയ സഖ്യമോ ചുവട് മാറ്റമോ ആവില്ല. മുന്നണി മാറ്റത്തെ കുറിച്ച് ചർച്ച നടത്തേണ്ട സാഹചര്യം നിലവിലില്ല. യുഡിഎഫ് കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. എന്നാൽ മുന്നണി മാറ്റം ചർച്ചയാക്കി സിപിഎം ഒരു കെണിയാണ് ഒരുക്കുന്നതെങ്കിൽ അവർ തന്നെ അതിൽ കുടുങ്ങുമെന്നും സലാം പ്രതികരിച്ചു.
സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് വൈരാഗ്യ ബുദ്ധിയാണ്. ഈ പദ്ധതിക്ക് ഒരു ന്യായീകരണമില്ല. ഒന്നിനും വ്യക്തതയുമില്ല. സിൽവർ ലൈൻ പദ്ധതിയിൽ ഒരു ചർച്ചയ്ക്ക് പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. വഖഫ്, പിഎസ്‌സി വിഷയങ്ങളിൽ അടുത്ത ഘട്ടം സമരം ഉടനെ തുടങ്ങും. ഇതിന്‍റെ ഭാഗമായി ഈ മാസം 17ന് നിയമസഭയിലേക്ക് മാർച്ച് നടത്തും.
കോൺഗ്രസിനെ മാറ്റി നിർത്തി ഫാസിസ്റ്റ് പോരാട്ടം സാധ്യമല്ലെന്ന് സിപിഎം തിരിച്ചറിഞ്ഞത് നല്ലതാണ്. മുപ്പത് കൊല്ലം മുൻപ് ലീഗ് ചെയ്‌ത കാര്യമാണ് ഇപ്പോൾ സിപിഎം ചെയ്യുന്നത്. അതിനാൽ അവരുടെ പുതിയ പ്രവർത്തനങ്ങളിൽ ലീഗ് തൃപ്തി പ്രകടിപ്പിക്കുന്നു. ലീഗിന്‍റെ പിറകിൽ സിപിഎം വന്നതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
ALSO READ: യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ