കോഴിക്കോട്: കഴിഞ്ഞവർഷം കോഴിക്കോടിനെ ബാധിച്ച നിപ വൈറസ് എറണാകുളത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസ് ബാധയെ നേരിടാൻ ജില്ലയില്‍ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ഡിഎംഒ ഡോ. വി ജയശ്രീ. നിപ വൈറസ് സംശയിച്ച സാഹചര്യത്തിൽ തന്നെ ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ ജില്ലയിൽ തുടങ്ങിയിരുന്നു. ഡിഎംഒയുടെ അധ്യക്ഷതയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടുമാരുടെ യോഗം ചേരുകയും ആശുപത്രികളിൽ വേണ്ട ക്രമീകരണങ്ങൾ നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.
താലൂക്ക് ആശുപത്രി മുതൽ മുകളിലേക്കുള്ള ആശുപത്രികളിൽ ഐസ്ലേഷന്‍ വാർഡ് ക്രമീകരിക്കാൻ ഡിഎംഒ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞവർഷം ഉണ്ടായിരുന്ന ഐസ്ലേഷന്‍ വാർഡ് ഇപ്പോഴും പ്രവർത്തനം നിർത്തിയിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു. ആശുപത്രികളിൽ രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ കിറ്റുകൾ ഉണ്ടെന്നും പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. ഇതിനുപുറമേ എല്ലാ ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കാനും ഡി എം ഒ നിർദേശം നൽകിയിട്ടുണ്ട്. സംശയം തോന്നുന്ന രോഗികളെ എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യണമെന്ന് നിർദ്ദേശം നൽകിയതായി ഡിഎംഒ വി ജയശ്രീ അറിയിച്ചു.