കോഴിക്കോട് : രാഹുൽ ഗാന്ധി എംപിയുടെ വയനാട് ഓഫിസ് എസ്‌എഫ്ഐക്കാര്‍ ആക്രമിച്ച സംഭവം കേവല വിദ്യാർഥി പ്രതിഷേധമായി കാണാൻ സാധിക്കില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും അറിവോടെയും സമ്മതത്തോടെയുമാണ് എംപി ഓഫിസിന് നേരെ അക്രമം നടന്നത്. സംഭവത്തെ അപലപിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിദ്യാര്‍ഥികള്‍ രോഷാകുലരായി നടത്തിയ ആക്രമണമായി കാണാനാകില്ല. ആലോചിച്ച് ഉറപ്പിച്ച് തയ്യാറാക്കിയ അജണ്ടയുടെ പുറത്താണ് അക്രമം നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയും നരേന്ദ്ര മോദിയും തമ്മിലുള്ള രഹസ്യബന്ധമാണ് ഇതിനുപിന്നിൽ. എസ്‌എഫ്‌ഐ എന്ന സംഘടന സിപിഎമ്മിന്‍റെ പോഷക സംഘടനയാണോ വിദ്യാർഥി സംഘടനയാണോയെന്നത് നേതൃത്വം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ബഫര്‍ സോൺ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് മൂന്നുമണിയോടെ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്‌തമാകുകയായിരുന്നു. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ കൈനാട്ടി എസ്‌ബിഐക്ക് സമീപമുള്ള ഓഫിസിലേക്ക് ഇരച്ചുകയറി.
Read more: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ ആക്രമണം
ഇതോടെ ഓഫിസില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതിനിടെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി ഓഫിസിലെ സാധന സാമഗ്രികള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 19 എസ്‌എഫ്‌ഐ പ്രവർത്തകരെ റിമാൻഡ് ചെയ്‌തിട്ടുണ്ട്.