കോഴിക്കോട്: കേരഗ്രാമം പദ്ധതിയിലൂടെ മാവൂരിൽ ഇനി കുറ്റ്യാടി തെങ്ങുകൾ നിറഞ്ഞ് കവിയും. ഇതിന്‍റെ മുന്നോടിയായി വിത്ത് തേങ്ങകൾ പാകുന്ന പ്രവൃത്തി മാവൂരിൽ പൂർത്തീകരിച്ചു. നാലര ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
അത്യുൽപാദന ശേഷിയുള്ള കുറ്റ്യാടി തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കുന്നതിനായി 2,500 വിത്തു തേങ്ങകളാണ് പാകിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് തൈകൾ ഉൽപാദിപ്പിക്കുന്ന ജോലികൾ ചെയ്യുന്നത്.
കേരഗ്രാമം പദ്ധതിക്ക് തുടക്കമിട്ട് മാവൂര്‍ പഞ്ചായത്ത്
ആദ്യ ഘട്ടത്തിൽ മാവൂർ പഞ്ചായത്തിലെ ബിപിഎൽ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കാണ് തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നത്. മാവൂർ കച്ചേരിക്കുന്നിലെ തെങ്ങിൻ തൈ ഉൽപാദന കേന്ദ്രത്തിൽ നിന്നും തൈകൾ ആവശ്യക്കാരുടെ വീടുകളിലെത്തിച്ച് നട്ടു കൊടുക്കുന്നതടക്കമുള്ള ജോലികൾ തൊഴിലുറപ്പ് തൊഴിലാളികൾ തന്നെയാണ് ചെയ്യുന്നത്.
രണ്ടാം ഘട്ടത്തിൽ തെങ്ങിൻ തൈ ആവശ്യമുള്ള മുഴുവൻ പേർക്കും നൽകാനാണ് കേരഗ്രാമം പദ്ധതി വഴി ഉദ്ദേശിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ മാവൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങില്ലാത്ത ഒരു വീട് പോലും ഉണ്ടാകില്ലെന്ന് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉമ്മർ മാസ്റ്റർ പറഞ്ഞു.
അത്യുൽപാദന ശേഷിയുള്ള കുറ്റ്യാടി തെങ്ങ്
നിറയെ കായ്‌ഫലംതരുന്ന തെങ്ങിന്‍തോപ്പുകള്‍ ഒരുകാലത്ത് കുറ്റ്യാടി മേഖലയിലെ മനോഹര കാഴ്‌ചയായിരുന്നു. മറ്റ് ഇനങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി കുറ്റ്യാടി തെങ്ങും തേങ്ങകളും ഏറെ സവിശേഷതയുള്ളവയാണ്. കാമ്പ് കൂടുതലുള്ളതും ഗുണമേന്മയുള്ള വെളിച്ചെണ്ണ ലഭിക്കുന്നതുമായ തേങ്ങയാണിവ. വിത്ത് തേങ്ങകള്‍ക്കായും ഇവ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
കുറ്റ്യാടിക്കടുത്ത കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, ചക്കിട്ടപ്പാറ, പൂഴിത്തോട് എന്നിവിടങ്ങളിലാണ് ഇത്തരം തെങ്ങുകള്‍ കൂടുതലായുള്ളത്. പേരാമ്പ്ര, ഉള്ള്യേരി, പനങ്ങാട് ഭാഗങ്ങളിലും കുറ്റ്യാടി തെങ്ങുകളുണ്ട്.
Also read: പ്ലസ്ടു വിജയത്തിന് കിട്ടിയ മൊബൈല്‍ നിര്‍ധന വിദ്യാര്‍ഥിക്ക് സമ്മാനിച്ച് നന്ദന