കോഴിക്കോട് : ലഹരി ഗുളികകൾ കൈവശംവച്ച കേസിൽ യുവാവിന് 12 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കോഴിക്കോട് കല്ലായി വലിയ പറമ്പിൽ ഷഹറത്ത് (43) നെയാണ് വടകര എൻ.ഡി.പി എസ് സ്പെഷ്യൽ കോടതി ജഡ്‌ജ് വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്. 2019 ഡിസംബർ 7 നാണ് കേസിനാസ്‌പദമായ സംഭവം.
2800 ഓളം സ്‌പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി കല്ലായ് റെയിൽവേ ഗുഡ്‌സ് യാർഡിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ന്യൂയർ ആഘോഷരാവുകള്‍ മുന്‍നിര്‍ത്തി വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചത്.
ലഹരി ഗുളികകൾക്കിടയിൽ എസ്.പി എന്ന ഓമന പേരിലറിയപ്പെടുന്ന സ്‌പാസ് മോ പ്രോക്‌സിവോൺ പ്ലസിന്‍റെ 24 കാപ്സ്യൂളുകൾ അടങ്ങിയ ഒരു സ്ട്രിപ്പ് മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുക 150 രൂപയ്ക്കാണ്. ഡോക്‌ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകൾ നല്‍കാറില്ല.
അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകൾ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളിൽ നിന്നാണ് ഇയാൾ വലിയ അളവിൽ ഇവ കോഴിക്കോട്ടെത്തിച്ചത്. സ്ട്രിപ്പിന് 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും ലഹരി ഗുളികകൾ വാങ്ങിച്ചത്.
ലഹരി ഉപയോക്താക്കളായ യുവതീ യുവാക്കൾക്ക് 1800-2000 രൂപയ്ക്കാണ് ഇവ വിൽപ്പന നടത്തിയിരുന്നത്. കണ്ണൂർ ഡി.സി.ആർ.ബി ഡിവൈഎസ്‌പി വി. രമേശൻ, എസ്.ഐ സദാനന്ദൻ എന്നിവർ ചേർന്നാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവ: പ്ലീഡർ എ സനൂജ് ഹാജരായി.