കോഴിക്കോട്: കെഎസ്ആര്‍ടിസി ടെർമിനൽ നിർമാണത്തിലെ പിഴവിൽ കേസെടുക്കണമെന്ന് വിജിലൻസ്. ആർക്കിടെക്‌ട് ആർകെ രമേശ്, കെ.ടി.ഡി.എഫ്.സി മുൻ ചീഫ് എഞ്ചിനീയർ എസ്.ആർ.ജെ നവകുമാർ എന്നിവർക്കെതിരെ കേസെടുക്കാനാണ് വിജിലൻസ് ശുപാർശ ചെയ്‌തത്.
കോംപ്ലക്‌സ് നിര്‍മാണത്തില്‍ ഗുരുതര വീഴ്‌ച
കെട്ടിട സമുച്ചയത്തിന് ബലക്ഷയമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കോംപ്ലക്‌സ് നിര്‍മാണത്തില്‍ ഗുരുതര വീഴ്‌ച നടന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാനുള്ള ശുപാർശ. കെട്ടിടത്തിന്‍റെ സ്ട്രക്‌ചറല്‍ ഡിസൈന്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ടെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കെട്ടിടത്തിന്‍റെ രണ്ട് നിലകളില്‍ ചോര്‍ച്ചയും ബലക്കുറവുമുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്‍റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തിലാണ് ആദ്യം കണ്ടെത്തിയത്. കെട്ടിടത്തിൽ വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്ന വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ നിര്‍മാണത്തിന് വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്.
കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്നതാണ് പഠന റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ബസ്സ്റ്റാന്‍റ് താല്‍ക്കാലികമായി മാറ്റാൻ നിര്‍ദേശം നല്‍കിയത്. 2015ലാണ് 76 കോടി രൂപ ചെലവില്‍ കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയം നിര്‍മിച്ചത്.
READ MORE: കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍ നിര്‍മിച്ചത് കോര്‍പ്പറേഷന്‍റെ അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്