കോഴിക്കോട് : റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി എടപ്പാൾ വട്ടക്കുളം സ്വദേശി അശ്വതി വാര്യർ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ മുക്കം വല്ലത്തായിപാറ സ്വദേശി ഷിജു, സഹോദരൻ സിജിൻ, എടപ്പാൾ സ്വദേശി ബാബു എന്നിവരെ കഴിഞ്ഞ ദിവസം മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഏഴര ലക്ഷം രൂപ നഷ്‌ടമായ മൂന്നുപേർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റെയില്‍വേയുടെ വിവിധ തസ്‌തികകളിൽ ഉയർന്ന ശമ്പളത്തോടെ ജോലി വാഗ്‌ദാനം ചെയ്‌താണ് ലക്ഷങ്ങൾ തട്ടിയത്. കോഴിക്കോട് തിരുവമ്പാടിയിൽ മാത്രം അമ്പത് പേരെങ്കിലും തട്ടിപ്പിനിരയായെന്നാണ് പൊലീസ് നിഗമനം.
Read more: റെയിൽവെയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്: മൂന്ന് പേർ പിടിയിൽ
റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡിന്‍റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. എന്നാൽ ചിലര്‍ക്ക് ദക്ഷിണ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍റെ പേരില്‍ വ്യാജ നിയമന ഉത്തരവും നൽകിയിരുന്നു. ഷിജു, സിജിന്‍, ബാബു എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.